
ന്യൂഡൽഹി: മതപരമായ ആവശ്യങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോഴും സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയിരുന്നെങ്കിൽ മഹാരാഷ്ട്രയിലെ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശിർപൂരിൽ താൻ പഠിച്ച സ്കൂളിലെ ചടങ്ങിനിടെയായിരുന്നു ജസ്റ്റിസ് വരാലെയുടെ പരാമർശം. കുംഭമേളയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഇത്തരം വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും മതിയായ ഫണ്ട് ലഭിക്കാത്ത സാഹചര്യം ഗൗരവമായി കാണണം.
കുംഭമേളയ്ക്കായി മാറ്റിവച്ചിരിക്കുന്ന വൻതുകയിൽ നിന്ന് വെറും 0.1 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിരുന്നെങ്കിൽ നിരവധി സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും ജസ്റ്റിസ് പി.ബി. വരാലെ ചൂണ്ടിക്കാട്ടി.











